മേപ്പാടിയിലെ പുത്തുമല ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വയസ്. 2019 ആഗസ്റ്റ് 8 നായിരുന്നു 17 മനുഷ്യ ജീവനുകള്‍ കവര്‍ന്ന, ഒരു ഗ്രാമത്തെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താന്‍ പോലുമായില്ല. മരിക്കാത്ത ഓര്‍മകളെ അകലങ്ങളിലേക്കുമാറ്റി അതിജീവനത്തിന്റെ പുതുപാതയിലാണിന്ന് പുത്തുമല നിവാസികള്‍.
2019 ആഗസ്റ്റ് എട്ടിന് വൈകിട്ടു നാലിനായിരുന്നു സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ച ആ മഹാദുരന്തം. തോട്ടം തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന പുത്തുമല എന്ന ഈ ഗ്രാമം ഒരു മഹാദുരന്തത്തിന്റെ പേരായി മാറുകയായിരുന്നു പിന്നെ. ഉറ്റവരും ഉടയവരും പൊടുന്നനെ മരണക്കയത്തിലേക്ക് മാഞ്ഞുപോയത് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മറക്കാനാകുന്നില്ല ആര്‍ക്കും.