പള്ളിയാല്‍ കുടുംബ സംഗമം ഡിസംബര്‍ 25ന്
മാനന്തവാടി: 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകരയില്‍ നിന്നും വയനാട്ടിലെ തരുവണയിലേക്ക് കുടിയേറി താമസമാരംഭിച്ച പള്ളിയാല്‍ കുടുംബത്തിന്റെ മുഴുവന്‍ അംഗങ്ങളുടെയും സംഗമം ഈ മാസം 25 ന് തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1500 ലധികം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9 മണിക്കാരംഭിക്കുന്ന സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്ഥലം എം.എല്‍.എ. ഓ.ആര്‍ കേളു, നിര്‍വ്വഹിക്കും. ഇതിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോവനീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ പ്രകാശനം ചെയ്യും കുടുംബാംഗങ്ങളുടെ വിവിധ കായിക കലാ പരിപാടികള്‍ പരസ്പരം പരിചയം പുതുക്കല്‍ തുടങ്ങിയവ സംഗമത്തില്‍ വെച്ച് നടക്കും. സംഗമത്തിനോടനുബന്ധിച്ച് ഇതിനോടകം നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി സംഘാടകര്‍ പറഞ്ഞു. റിക്കോര്‍ഡ് ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രക്തദാന കേമ്പ്, ചികിത്സാ ചിലവുകളും മരുന്നുകളും നല്‍കിക്കൊണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മെഡിക്കല്‍ കേമ്പ് എന്നിവ ഇതിനോടകം നടത്തിയതായും നല്ലൂര്‍ നാട് അംബേദ്കര്‍ ക്യാന്‍സര്‍ ആശുപത്രിയിലേക്ക് രോഗികളെ സൗജന്യമായെത്തിക്കാനുള്ള വാഹനം ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുമെന്നും ഭാരവാഹികളായ ബക്കര്‍, പി.നാസര്‍, അബു മീത്തല്‍, പി. സൂപ്പി, പി.സി ഇബ്രാഹിം, പി. ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.