എം.ഐ ഷാനവാസ് എം.പിയ്ക്ക് വിട; വയനാട്ടില്‍ പൊതുദര്‍ശനമില്ല

0

വയനാട് എം.പി യും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടുമായ എം.ഐ ഷാനവാസ് എം.പി (67)വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ 1.35 നായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഭൗതീക ശരീരം ഇന്ന് ഉച്ചയോടെ ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കും. പിന്നീട് എറണാകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ രാവിലെ 10 മണിക്ക് ഖബറടക്കും. വയനാട്ടില്‍ പൊതുദര്‍ശനം ഇല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ പരേതനായ എം.വി. ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22നു ജനിച്ച ഷാനവാസ് കെപിസിസി ജനറല്‍ സെക്രട്ടറി. കെപിസിസി വൈസ് പ്രസിഡണ്ട്, ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ജുബൈരിയത് ബീഗം. മക്കള്‍: അമിന ഷാനവാസ്, ഹസീബ് ഷാനവാസ്. മരുമക്കള്‍: മുഹമ്മദ് ഹനീഷ് (കെ.എം.ആര്‍.എല്‍ എംഡി), ടെസ്‌ന ഹസീബ്. മകള്‍ അമിനയായിരുന്നു ഷാനവാസിന് കരള്‍ നല്‍കിയത്.

കരള്‍ രോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 31-നാണു എം.പി ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടര്‍ന്നു അഞ്ചിന് വഷളായി. കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ.സി വേണുഗോപാല്‍ എംപി എന്നിവര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു. 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും നേടി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസില്‍ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി (തിരുത്തല്‍വാദികള്‍ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍.
1972 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, 1983 ല്‍ കെ.പി.സി.സി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഈ വര്‍ഷം കെ.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികിത്സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!