കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; മന്ത്രി കെ രാജു

0

കല്‍പറ്റ: കേരളത്തില്‍ കലാപം ഉണ്ടാക്കാനുളള ആസൂത്രിത നീക്കമാണ് ബി.ജെ.പിയും, ആര്‍.എസ്.എസും നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും സംസ്ഥാന വനം മന്ത്രിയുമായ അഡ്വ: കെ രാജു പറഞ്ഞു. കല്‍പറ്റയില്‍ നടന്ന എ.ഐ.വൈ.എഫ് നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. സവര്‍ണാധിപത്യത്തിന്റെ വക്താക്കളായ ആര്‍.എസ്.എസുകാര്‍ ശബരിമലയെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുകയാണ്. കേരള സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യം. ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെ അഭിപ്രായത്തിനു വിരുദ്ധമാണ് കേരള നേതാക്കളുടെ നിലപാടെന്നും അതിന് ആ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരന്തം ഉണ്ടായപ്പോള്‍ അര്‍ഹമായ സഹായം കേന്ദ്രം നല്‍കിയില്ല. ദുരിതാശ്വാസത്തിനും പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണം നടത്തുവാനുള്ള ശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. വിദേശത്തു നിന്ന് ധനശേഖരണം നടത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തെയും ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെടുത്തി. നേരായ വഴിയിലൂടെ സംസ്ഥാനത്ത് നിലയുറപ്പിക്കാന്‍ കഴിയില്ലെന്ന് അറിയുന്ന കേരളത്തില്‍ ആര്‍ എസ് എസ് കലാപം ഉണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്. സംഘ പരിവാര്‍ സംഘടനകളുടെ ഇത്തരത്തിലുളള കുല്‍സിത ശ്രമങ്ങള്‍ക്ക് കേരളത്തിലെ മതേതര സമൂഹം ഇടം നല്‍കരുത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിലുളള അക്രമങ്ങല്ല ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. നനഞ്ഞിടം കുഴുക്കുന്ന ഏര്‍പ്പാടാണ് ബി.ജെ.പി നടത്തുന്നത്.അതുകൊാണ് അവര്‍ ശബരിമല വിഷയത്തില്‍ ആദ്യ നിലപാട് മാറ്റിയത്. സുപ്രി കോടതി വിധി വന്നപ്പോള്‍ ഇനി സ്ത്രീകള്‍ക്കും മല ചവിട്ടാം എന്നാണ് അവരുടെ മുഖ പത്രം എഴുതിയത്. സംസ്ഥാന സര്‍ക്കാര്‍ ആരുടെയും വിശ്വാസങ്ങള്‍ക്ക് എതിരല്ലാ. ആരുടെയും വിശ്വാസങ്ങളെ എതിര്‍ക്കുന്ന നിലപാടും സര്‍ക്കാറിനില്ല. സുപ്രിം കോടതി വിധിയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ചില തീവ്ര സംഘടനകള്‍ ശ്രമിക്കുന്നു. ഇത് സര്‍ക്കാര്‍ അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക കേന്ദ്ര സര്‍ക്കാറിനാണ്. ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണ്. ഇത് ഒരു ജനാധിപത്യ സര്‍ക്കാറുകളും ചെയ്യാന്‍ പാടില്ലാത്ത പൊറുക്കാനാവാത്ത തെറ്റാണെന്നും മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് നാല് വോട്ടിന് വേണ്ടി വര്‍ഗീയത കളിക്കുന്ന നിലപാടുകള്‍ ഉണ്ടാവില്ല. ജനങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരിനെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. അത് സര്‍ക്കാര്‍ നിറവേറ്റുക തന്നെ ചെയ്യും. ഇടതുപക്ഷ ജനാധി പത്യമുന്നണി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നുളളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങള്‍ ബി.ജെ.പിയും, ആര്‍.എസ്.എസും നടത്താന്‍ ശ്രമിച്ച കലാപങ്ങള്‍ കേരളത്തില്‍ നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് എന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനു ഐസക് സ്വാഗതം പറഞ്ഞു. കേരള മഹിളാ സംഘം പ്രസിഡന്റ് കമലാ സദാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തി എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ലെനി സ്റ്റാന്റ്‌സ് ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!