സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ മിന്നുംതാരമായ മുഹമ്മദ് റാഷിദിന് പെരുന്നാള്‍ സമ്മാനമായി വീടും സ്ഥലവും നല്‍കുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ.റാഷിദിന്റെ വീട്ടിലെത്തി അഡ്വ. ടി. സിദ്ധിഖ് അഭിനന്ദനമറിയിച്ച ശേഷമാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് കേരളം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രണ്ട് താരങ്ങളാണ് ഉണ്ടായിരുന്നത്. ജില്ലയിലെ വളര്‍ന്ന് വരുന്ന തലമുറക്ക് ആവേശം പകര്‍ന്ന റാഷിദിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കല്‍പ്പറ്റ മുണ്ടേരി സ്വദേശിയായ മുഹമ്മദ് റാഷിദും, അതിനിര്‍ണായകമായ സമയത്ത് ഗോള്‍വല കുലുക്കിയ സഫ്‌നാദും. ചെറിയപെരുന്നാള്‍ദിനത്തില്‍ നമസ്‌കാരം കഴിഞ്ഞ് എം എല്‍ എ നേരെ പോയത് റാഷിദിനെ കാണാനായിരുന്നു. റാഷിദിനെയും, ഉമ്മയേയും കുടുംബാഗങ്ങളേയും കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. അപ്പോഴാണ് അറിയുന്നത് റാഷിദിന് സ്വന്തമായി സ്ഥലമോ, വീടോ ഇല്ലാ എന്ന സത്യം. വയനാടിന്റെയും, കല്‍പ്പറ്റയുടേയും അഭിമാനം വാനോളം ഉയര്‍ത്തിയ പ്രിയതാരത്തിന് സ്ഥലവും വീടും നല്‍കാന്‍ തീരുമാനിക്കുകയും പ്രസ്തുത വിവരം അവരെ അറിയിക്കുകയുമായിരുന്നു.സന്തോഷ് ട്രോഫിയില്‍ കളിച്ച നിയോജകമണ്ഡലത്തിലെ രണ്ട് താരങ്ങള്‍ക്കും വന്‍സ്വീകരണം ഒരുക്കുമെന്നും എം.എല്‍.എ അറിയിച്ചു. സന്ദര്‍ശന വേളയില്‍ എം.എല്‍.എ യ്‌ക്കൊപ്പം കല്‍പ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ റസാക്ക് കല്‍പ്പറ്റയും, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റയും ഉണ്ടായിരുന്നു.