രാജ്യത്ത് ഉപയോഗത്തിലുള്ള പ്രധാന വാക്‌സീനായ കൊവീഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ഇടവേള കുറയ്ക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ആലോചന നടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 12 മുതല്‍ 16 ആഴ്ചകള്‍ വരെയാണ് കൊവിഷില്‍ഡ് വാക്‌സീന്റെ ഇടവേള തുടക്കത്തില്‍ ഇത് ആറ് ആഴ്ചയായിരുന്നു. പിന്നീട് കൂടിയ ഫലപ്രാപ്തി ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്‌സീന്‍ ഇടവേള കൂട്ടിയത്.
രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയിലെന്ന് ഇന്ന് കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സൗദിയിലേക്ക് പോകാന്‍ കോവിഷീല്‍ഡ് വാക്‌സീന്‍ മൂന്നാം ഡോസ് ആയി സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ പ്രവാസി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ അനുമതിക്കായി ഹര്‍ജിക്കാരന്‍ കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസിന്റെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി വിഷമവൃത്തത്തിലാണെന്ന് ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ വാക്കാല്‍ അഭിപ്രായപ്പെട്ടു.