കൊവിഡ് നിയന്ത്രണങ്ങളില്‍ സി, ഡി കാറ്റഗറിയില്‍ ജില്ലാഭരണകൂടം സ്വകാര്യ ബസ്സുകളോട് ഇരട്ടത്താപ്പ് കാണിക്കുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. സ്വകാര്യ ബസ്സുകളെ തടഞ്ഞ് കെ എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയാണെന്നാണ് ഉടമകളുടെ ആരോപണം. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജില്ലയില്‍ സ്വകാര്യ ബസ് മേഖലയോട് ജില്ലാഭരണകൂടം ഇരട്ടത്താപ്പ് കാണിക്കുകയാണന്ന ആരോപണവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. കഴിഞ്ഞദിവസം സി, ഡി കാറ്റഗറിയില്‍പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍വീസ് നടത്തുന്നതില്‍ നിന്നും സ്വകാര്യ ബസ്സുകളെ തടഞ്ഞ് കെ എസ് ആര്‍ ടിസിക്ക് അനുമതി നല്‍കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസം ബത്തേരി മേപ്പാടി, കല്‍പ്പറ്റ തുടങ്ങിയ പ്രധാന റൂട്ടുകളിലടക്കം കെഎസ്ആര്‍ടിസിക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുകയും സ്വകാര്യബസ്സുകളെ സര്‍വീസ് നടത്താന്‍ അനുവദി്ച്ചില്ലെന്നുമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. സ്വകാര്യ ബസ് മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഒരു ഉടമ ആത്മഹത്യ ചെയ്ത സംഭവം വരെയുണ്ടായിട്ടും ഉടമകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഈ മേഖലയെയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം.