ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0

സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയോടുള്ള സര്‍ക്കാരിന്റെ കരുതല്‍ വെളിവാക്കുന്നതും, ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നതുമായ പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

ഗര്‍ഭിണികള്‍ക്ക് പ്രസവത്തോട് അനുബന്ധിച്ചുളള ദിവസങ്ങളില്‍ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പ് വരുത്താന്‍ കേന്ദ്രങ്ങള്‍ സഹായകമാവും. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലായി രണ്ട് വീതം കേന്ദ്രങ്ങളും അപ്പപ്പാറ, വാഴവറ്റ, നൂല്‍പ്പുഴ എന്നിവിടങ്ങളിലായി ഓരോ ഗര്‍ഭകാല ഗോത്ര മന്ദിരങ്ങളുമാണ് നിര്‍മ്മിച്ചത്. ഇതില്‍ വാഴവറ്റ, നൂല്‍പ്പുഴ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇതിനോടകം നിര്‍വ്വഹിച്ചു. 6,14,000 രൂപ വീതമാണ് ഓരോ യൂണിറ്റിനും ചെലവായത്. ഹാബിറ്റാറ്റ് ആണ് കേന്ദ്രങ്ങളുടെ നിര്‍മ്മാണ ഏജന്‍സി.

ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനീഷ്. ബി. നായര്‍, ലത ശശി, എടക്കല്‍ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന വിജയന്‍, ഗ്ലാഡിസ് സ്‌കറിയ, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!