മാര്‍ച്ചും ധര്‍ണയും നടത്തി

0

കുറുവാ ഇക്കോടൂറിസം കേന്ദ്രം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കുറുവ ടൂറിസം വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കേന്ദ്രത്തിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് സമരം നടത്തിയത്. കുറുവ ദ്വീപ് അടച്ചിട്ടതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി തൊഴിലാളികള്‍ക്ക് ജോലിയില്ലാതായതിനാല്‍ പ്രതിഷേധിച്ചായിരുന്നു സമരം. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി. ബേബി ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ തൊഴിലാളി വിരുദ്ധ നിഷേധാത്മക നിലപാടുകളില്‍ നിന്നും പിന്‍മാറാന്‍ വനംവകുപ്പ് തയ്യാറാവണമെന്നും തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറുവാ ദ്വീപില്‍ വനംസംരക്ഷണ സമിതിയുടെ കീഴില്‍ 40 ഓളം ജോലി ചെയ്തിരുന്നത്. ഇതില്‍ 30 പേരും കാട്ടുനായ്ക്ക, പണിയ തുടങ്ങിയ പിന്നോക്ക ആദിവാസി വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ ഈ കുടുംബങ്ങളെല്ലാം പട്ടിണിയിലാണ്. കഴിഞ്ഞ ഫെബ്രുവരി പത്തിന് പടമലയില്‍ കാട്ടാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കര്‍ഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കുറുവാ ദ്വീപും അടച്ചിട്ടത്. മുമ്പ് വേനലിലും മഴക്കാലത്തും ദ്വീപ് അടച്ചിടുമ്പോള്‍ വനംസംരക്ഷണ സമിതിയിലെ തൊഴിലാളികളെ ഫയര്‍വാച്ചര്‍മാരായും ആന കാവലിനായുമൊക്കെ നിയോഗിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇവിടുത്തെ തൊഴിലാളികള്‍ക്ക് യാതൊരു ജോലിയും നല്‍കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ല. പ്രതിമാസം 12000 രൂപയെങ്കിലും വരുമാനം ലഭിക്കത്തക്ക രീതിയില്‍ തൊഴില്‍ നല്‍കണമെന്നും വിഷുവിന് മുന്നോടിയായി 10000 രൂപയെങ്കിലും ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സി.ഐ.ടി.യു. പഞ്ചായത്ത് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എം.എസ്. സുരേഷ് ബാബു, ബിന്ദു പ്രകാശ്, പി.ജെ. ഷിബു, ടി.ജി. മനോജ്, കെ.എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!