പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കായക്കുന്ന്-അയനിമല-പാതിരിയമ്പം റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയിലും ജനങ്ങളുടെദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ്നാട്ടുകാര്‍ റോഡിന്റെ തുടക്കത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായുള്ള ബോര്‍ഡ് സ്ഥാപിച്ചത്.
ഒരു മാസം മുന്‍പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയെ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു.ഇതെ തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗത്തെ കുറഞ്ഞ ദൂരം കഴിഞ്ഞ ദിവസം നന്നാക്കിയിരുന്നു.എന്നാല്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന ഭാഗത്തെ പ്രവൃത്തി നടത്താതെ ജനങ്ങളെ പറ്റിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതി റോഡ് നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കി നാട്ടുകാരുടെ കണ്ണില്‍ പെടിയിടുന്നതിനായി സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കുമെങ്കിലും നിര്‍മ്മാണം മാത്രം നടന്നില്ല. ചെറിയ മഴ പെയ്താല്‍ പോലും റോഡ് ചെളിക്കുളമാകുന്നതിനാല്‍ രോഗികളെയും വയോധികരെയും എടുത്ത് പ്രധാന റോഡില്‍ എത്തിക്കേണ്ട അവസ്ഥയാണ്. റോഡ് സോളിങ്ങ് നടത്തിയ ഒരു ലക്ഷണവും ഇല്ലാത്ത വിധം തകര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു പോലും നോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും നാട്ടുകാര്‍ പിരിവിട്ട് പാറപ്പൊടിയും മറ്റുമിട്ടാണ് മഴക്കാലത്തുണ്ടാകുന്ന വലിയ കുഴികള്‍ നികത്തി വാഹനം എത്തിക്കുന്നത്.