കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ ബി.ജെ.പി വാഗ്ദാനം ചെയ്തു:എം.വി ശ്രേയാംസ്‌കുമാര്‍.
കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് തനിക്ക് വന്നിരുന്നതായി ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം ശരിയല്ലെന്നും രാജ്യത്ത് ഏറ്റവും അവസാനം ബി.ജെ.പിയില്‍ ചേരുന്ന ആളായിരിക്കും താനെന്നും എം.വി ശ്രേയാംസ് കുമാര്‍.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് തവണത്തെ തൃശൂര്‍ സന്ദര്‍ശനം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒരു പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഇടമായി സൗത്ത് ഇന്ത്യ തെരഞ്ഞെടുത്താല്‍ മോദി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് തന്റെ സുഹൃത്തുകൂടിയായ ടി. എന്‍ പ്രതാപന്‍ എം. പി തന്നോട് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി ക്കെതിരെ ശക്തമായി പോരാട്ടം നടത്തണം. അതിനായി ഇന്ത്യാമുന്നണിയിലെ നിലവിലെ ബലഹീനതകള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തങ്ങയില്‍ മൂന്ന് ദിവസത്തെ രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.റജീഷ്, പി. കെ അനില്‍കുമാര്‍, കെ.ടി ഹാഷിം, കെ.എസ് സ്‌കറിയ, നാസര്‍ മച്ചാന്‍, കെ. കെ ഹംസ സംസാരിച്ചു. സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 21നടക്കുന്ന സമാപന സമ്മേളനം ആര്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.