വൈത്തിരിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വൈത്തിരി പുളിക്കല്‍ വീട്ടില്‍ ഹാരിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടൗണിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്നാണ് പരാതി.വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം.
കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം വൈത്തിരി ടൗണിലൂടെ നടന്നു പോകുമ്പോഴായിരുന്നു പ്രതി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ചത്.ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയോട് പ്രതി മോശമായി സംസാരിക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത വൈത്തിരി പോലീസ് സിസിടിവി ക്യാമറകള്‍
കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, ലൈംഗികാതിക്രമം അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും പ്രതിയെ മണിക്കൂറുകള്‍ക്കകം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്.