വയനാട് വന്യജീവിസങ്കേതത്തില്‍ കന്നുകാലികളെ മേയാന്‍വിടുന്നത് തടഞ്ഞുള്ള വനംവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യം. ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാരും, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, ബത്തേരി താലൂക്ക് വികസന സമിതിയിലെ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളെയും ഉള്‍പ്പെടുത്തി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വനംവകുപ്പ് ഐ.ബി ഗജയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യം ഉയര്‍ന്നത്.
നെന്മേനി പഞ്ചായത്തിലെ പാടിപറമ്പില്‍ കടുവ കുരുക്കില്‍ കുടങ്ങി ചത്തതുമായി ബന്ധപ്പെട്ട് നിരപരാധികളെ കേസില്‍ പെടുത്തരുത് എന്നും ഏതെങ്കിലും പ്രദേശത്ത് കടുവ ഇറങ്ങിയാല്‍ ഉടനടി കൂട് വെക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഒരു വര്‍ഷം മുമ്പാണ് വന്യജീവിസങ്കേതത്തില്‍ കാലികളെ മേയാന്‍വിടാന്‍ പാടില്ലെന്നും, കാലികളെ വനത്തില്‍മേയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കാണിച്ച്് വന്യജീവിസങ്കേതം മേധാവി ഉത്തരവിറക്കിയത്. ഇത് വനാതിര്‍ത്തി മേഖലകളില്‍ ക്ഷീരമേഖലയെയും കന്നുകാലികളെ വളര്‍ത്തിയും ഉപജീവനം നടത്തുന്ന കുടംബങ്ങള്‍ക്കും ദുരിതമായി തീര്‍ന്നിരുന്നു.
ഇക്കാര്യം താലൂക്ക് വികസനസമിതയോഗത്തില്‍ ചര്‍ച്ചയായി വന്നെങ്കിലും മറുപടി നല്‍കാന്‍ ഉത്തരവാദിത്വപെട്ട ഉദ്യോഗ്സ്ഥന്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് ഈ വിഷയമടക്കം ചര്‍ച്ചചെയ്യാനും വന്യമൃഗശല്യം പരിഹരിക്കാനുമായി ഗജയില്‍ പ്രത്യേക യോഗം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. ഇക്കാര്യത്തില്‍ വാണിജ്യതാല്‍പര്യപ്രകാരം വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ കാലികളെ കൂടുതലായി വനത്തെ ആശ്രയിച്ച് പോറ്റവളര്‍ത്തുന്നതാണ് ഉത്തരവിന് കാരണമായതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മറുപടി നല്‍കി. എന്നാല്‍ അത്തരത്തില്‍ കാലികളെ വളര്‍ത്തുന്നില്ലെന്നും, പുറമെനിന്ന് ആളുകള്‍ കൂടുതല്‍ കാലികളെ വളര്‍ത്താനായി വനാതിര്‍ത്തിയിലുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിഷയത്തില്‍ പരിശോധന നടത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്നും വയനാട് വന്യജീവി സങ്കേതം മേധാവി ദിനേശ്കുമാര്‍ മറുപടി നല്‍കി.
ഏതെങ്കിലും പ്രദേശത്ത് കടുവ ഇറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍ കൂട് വെക്കാനുള്ള നടപടികള്‍ വൈകിപ്പിക്കാതെ ദ്രുതഗതിയില്‍ കാര്യങ്ങള്‍ നീക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നെന്മേനി പഞ്ചായത്തിലെ പാടിപറമ്പില്‍ കടുവ കുരുക്കില്‍ കുടങ്ങി ചത്തതുമായി ബന്ധപ്പെട്ട് നിരപരാധികളെ കേസില്‍ പെടുത്തരുത് എന്ന് യോഗത്തില്‍ ആവശ്യമായി ഉയര്‍ന്നു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ആവശ്യമായവരുടെ മൊഴിയെടുക്കാനുള്ളവര്‍ക്ക് നോട്ടീസ് ഇനിയും നല്‍കാനുണ്ട്. അത് ഫെബ്രുവരിമാസമാദ്യം നല്‍കി മൊഴികള്‍ എടുക്കും. കടുവയെ കുരുക്കില്‍ കുടങ്ങി ചത്തനിലയില്‍ കണ്ടെത്തിയ സ്ഥലമുടമസ്ഥന്റെ മൊഴിയും രേഖപ്പെടുത്താനുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള അന്വേഷണം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നതെന്നും തുടര്‍ന്ന് ഉചിതമായതും സത്യസന്ധമായതുമായ നടപടികള്‍ സ്വീകരിക്കുമെന്നും സൗത്ത് വയനാട് ഡി.എഫ് ഒ ഷജ്ന കരിം അറിയിച്ചു.
കേസ് ഒഴിവാക്കുന്നത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായാല്‍മാത്രമേ തീരുമാനിക്കാനാവുവെന്നും അവര്‍ അറിയിച്ചു.
നഷ്ടപരിഹാരം നല്‍കല്‍, വിവിധയിടങ്ങളില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഹാങ്ങിങ്, ബ്ലോക്ക് ഫെന്‍സിങ്ങുകള്‍, കൃഷിവകുപ്പ് അനുവദിച്ച മൂന്നുകോടി രൂപയുടെ വേലി, ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം ശക്തിപെടുത്തല്‍, ജനജാഗ്രത സമിത ശക്തിപെടുത്തല്‍, റീ-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെട്ട പുനരധിവാസം പദ്ധതിയിലെ അവ്യക്തത, സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി, അഞ്ച് വര്‍ഷം മുമ്പ് വടക്കനാട് പ്രഖ്യാപിച്ച അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് എന്നിവ സംബന്ധിച്ചെല്ലാം യോഗം ചര്‍ച്ചചെയ്തു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, തഹസില്‍ദാര്‍ വി. കെ ഷാജി, ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ഷരീഫ്, വിവിധ റേഞ്ച് ഓഫീസര്‍മാര്‍, താലൂക്ക് വികസന സമിതിയിലെ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു.