കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തുന്ന കര്‍ഷക അതിജീവന യാത്രയ്ക്ക് 13ന് വയനാട്ടില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പ്രധാനപ്പെട്ട നാല് വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നതെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
റബര്‍, നെല്ല്, നാളികേരം ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. 11ന് കാസര്‍ഗോഡ് ആരംഭിക്കുന്ന യാത്ര കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലമാണ് നയിക്കുന്നത്.
ജില്ലയില്‍ രാവിലെ ഒമ്പതിന് മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് യാത്രയ്ക്ക് ആദ്യ സ്വീകരണം. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. 11ന് പുല്‍പ്പള്ളിയിലും ഉച്ചയ്ക്ക് ഒന്നിന് നടവയലിലും സ്വീകരണം ഉണ്ടാകും. ഉച്ചകഴിഞ്ഞ് 3.30ന് കല്‍പ്പറ്റയില്‍ മാരിയമ്മന്‍ ക്ഷേത്ര പരിസരത്താണ് സ്വീകരണം. വൈകുന്നേരം അഞ്ചിന് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് യാത്ര ജില്ലാതല സമാപനം.
കല്‍പ്പറ്റയില്‍ സ്വീകരണ സമ്മേളനം ഫൊറോന വികാരി ഫാ.ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്യും. സജി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ.സണ്ണി കൊല്ലാര്‍തോട്ടം, ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, മാത്യു ചോമ്പാല, ഡിന്റോ ജോസ്, റാണി കല്‍പ്പറ്റ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.മാനന്തവാടി രൂപത ഡയറ്കടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, കല്‍പ്പറ്റ മേഖല ഡയറക്ടര്‍ ഫാ.സണ്ണി കൊല്ലാര്‍തോട്ടം, സെക്രട്ടറി കെ.സി. ജോണ്‍സണ്‍, യുവജനവിഭാഗം പ്രസിഡന്റ് നിഖില്‍ ചേലക്കാപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.