ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാജിക് അക്കാദമിയുടെ ‘മാന്ത്രികരത്ന’ പുരസ്‌കാരം ശശി താഴത്തു വയലിന്. മൂന്നര പതിറ്റാണ്ടിലധികമായി മാജിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന മീനങ്ങാടി താഴത്തുവയല്‍ ആലുങ്കല്‍ ശശി പ്രശസ്തിപത്രവും മെമെന്റോയും മെഡലും കാഷും അടങ്ങുന്ന പുരസ്‌കാരം കഴിഞ്ഞ ദിവസം മദ്രാസ് കേരള സമാജം ഓഡിറ്റോറിയത്തില്‍ നടി സീമയില്‍നിന്നു ഏറ്റുവാങ്ങി. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ബാബു പ്രശസ്തി പത്രം കൈമാറി.
മജീഷ്യന്‍മാരായ ആര്‍.കെ. മലയത്ത്, ഷൊര്‍ണൂര്‍ രവി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അവാര്‍ഡുദാനം.ജാലവിദ്യാരംഗത്ത് കേരളത്തിനകത്തു പുറത്തും പ്രസിദ്ധനാണ് 58കാരനായ ശശി. കണ്‍കെട്ടുവിദ്യയില്‍ ഏറ്റവും അപകടംപിടിച്ച ഫയര്‍ എസ്‌കേപ്പ് ശശി 2005ല്‍ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഗ്രൗണ്ടില്‍ വിജയകരമായി നടത്തിയിരുന്നു.
തെരുവോരത്തുകണ്ട ജാലവിദ്യകള്‍ ഗൃഹപാഠം ചെയ്താണ് മാജിക്കില്‍ ശശി പിച്ചവച്ചത്. 1995ല്‍ കൊല്ലം ഹിപ്നോ സ്റ്റഡി സെന്ററില്‍നിന്നു ഹിപ്നോട്ടിസത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് ഇരുത്തംവന്ന മജീഷ്യനായി മാറുകയായിരുന്നു. ഇതിനകം 2,200ല്‍പരം വേദികളിലാണ് ശശി ജാലവിദ്യകള്‍ അവതരിപ്പിച്ചത്. ഇന്റര്‍ നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് ഓണ്‍ലൈനില്‍ നടത്തിയ അന്താരാഷ്ട്ര മാജിക് മത്സരത്തില്‍ തുര്‍ക്കിയിലെ വാല്‍ക്കന്‍ കുഹയുമായി ശശി ഒന്നാം സമ്മാനം പങ്കിട്ടിരുന്നു. സുവര്‍ണ വിസ്മയം അവാര്‍ഡ്, കെഎംഎ മായാമാന്ത്രിക ഇന്ദ്രജാല പുരസ്‌കാരം, മാജിക്കല്‍ റിയലിസം ഇന്ദ്രജാല പുരസ്‌കാരം എന്നിവ ശശിക്കു ലഭിച്ചിട്ടുണ്ട്. 2019ലെ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് ജേതാവാണ് ശശി താഴത്തുവയല്‍.