പാലിയാണ പുനരധിവാസ കേന്ദ്രം ഇനി ഉന്നതി ഗ്രാമം

0

ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കുള്ള 38 വീടുകള്‍ സ്ഥിതിചെയ്യുന്നിടത്തിന് ഉന്നതി ഗ്രാമം എന്ന് പേര് നല്‍കി പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍.പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഗ്രാമത്തിന് മന്ത്രി പേര് നല്‍കിയത്. വിദേശ അടിമത്തത്തിന്റെ പ്രതീകമായ കോളനി എന്ന വാക്കിന് പകരം പട്ടികവര്‍ഗ്ഗക്കാരുടെ മുദ്രാവാക്യമായ എല്ലാവരും ഉന്നതിയിലേക്ക് എന്ന വാചകത്തില്‍ നിന്നും ഉന്നതി എന്ന വാക്ക് കടമെടുത്താണ് ഗ്രാമത്തിലെ ഉന്നതി ഗ്രാമം എന്ന് പേര് നല്‍കിയത്. എംഎല്‍എ ഒ ആര്‍ കേളു, ജില്ലാ കളക്ടര്‍ രേണു രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കിട്ട വേദിയില്‍ നിന്ന് എല്ലാവരുടെയും സമ്മതത്തോടെയാണ് മന്ത്രി പേര് നല്‍കിയത്.
ഭൂരഹിതരായ 38 പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം പട്ടികജാതി മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 38 കുടുംബങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 457 ഏക്കര്‍ ഭൂമി വിലക്ക് വാങ്ങി 10 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 38 വീടുകളാണ് നിര്‍മിച്ചത്. മാനന്തവാടി താലൂക്കില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പൊരുന്നന്നൂര്‍ വില്ലേജില്‍ പാലിയണ എന്ന സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്. വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്ര മുഖേന നിര്‍മിച്ച വീട്ടില്‍ കുടി വെള്ളം, വൈദ്യുതി കണക്ഷന്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് താക്കോല്‍ നല്‍കിയത്. അധികാരവും സമ്പത്തും കേന്ദ്രീകരിക്കുന്നതിന് പകരം വികേന്ദ്രീകരിക്കുന്നിടത്താണ് ശരിയായ വികസനം നടക്കുക എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!