ജില്ലയില്‍ മഴ കനത്തതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റവന്യൂ, തൊഴില്‍, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളും നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ദുരന്ത സാഹചര്യത്തില്‍ പൊതു ഏകോപനത്തിന്റെയും, ദുരിതാശ്വാസത്തിന്റെയും ക്യാമ്പ് നടത്തിപ്പിന്റെയും ചുമതല ലാന്‍ഡ് റവന്യൂ വകുപ്പിനാണ്. താലൂക്ക് കേന്ദ്രങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി വില്ലേജ് ഓഫീസര്‍മാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനം-പോലീസ്-അഗ്നിരക്ഷാ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ദുരന്ത മുന്നറിയിപ്പ് പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ഇവര്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തസാധ്യത പ്രദേശത്ത് നിന്നുളള ഒഴിപ്പിക്കല്‍ പ്രക്രിയയില്‍ ഓറഞ്ച് ബുക്കില്‍ പ്രതിപാദിച്ചിട്ടുളളവര്‍ ഉണ്ടെന്ന് ഉറപ്പാക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ബന്ധു വീടുകളിലേക്ക് മാറി താമസിക്കുന്ന വ്യക്തികളുടെ വിവരവും ശേഖരിക്കും.