ബത്തേരി നഗരസഭയ്ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം സൗജന്യമായി വിട്ട് നല്‍കി സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്. രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനും ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുമാണ് വാഹനം നല്‍കിയത്. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാഹനത്തിന്റെ താക്കോല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ ചെയര്‍മാന്‍ ടി കെ രമേശിന് കൈമാറി.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ബത്തേരി ലയണ്‍സ് ക്ലബ്ബ് വാഹനം വിട്ടു നല്‍കിയത്. വാഹനത്തിന്റെ ഇന്ധനം, ഡ്രൈവര്‍ അടക്കം എല്ലാ ചെലവും ലയണ്‍സ് ക്ലബ്ബ് ആണ് വഹിക്കുക. ഭാരവാഹികളായ മനോജ്, സാജന്‍, പ്രതീഷ്, ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.