കാട്ടാനയുടെ താണ്ഡവം, വടക്കനാട് മേഖലയില്‍ വാഴകൃഷി നശിച്ചു. മംഗളാലയം സജുവിന്റെ നേന്ത്രവാഴകളാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാന നശിപ്പിച്ചത്. കാട്ടാന പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്
കഴിഞ്ഞ രാത്രിയിലാണ് വടക്കനാട് മംഗളാലയം സജുവിന്റെ കൃഷിയിടത്തിലെ നേന്ത്രവാഴകള്‍ കാട്ടാന നശിപ്പിച്ചത്. സമീപത്തെ വനത്തില്‍ നിന്ന് ഇറങ്ങിയ കാട്ടാന നൂറോളം വാഴകളാണ് തിന്നും ചവിട്ടിയും നശിപ്പിച്ചത്. ഇതുവഴി വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ കര്‍ഷകന് ഉണ്ടായിരിക്കുന്നത്. വടക്കനാട് മേഖലയില്‍ അടുത്ത കാലത്തായി വ്യാപകമായ കാട്ടാന ശല്യമാണ് ഉണ്ടാവുന്നത്. വനാതിര്‍ത്തികളില്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാട്ടാന അടക്കമുള്ള വന്യമൃഗശല്യത്തിന് കാരണം. പ്രദേശത്തെ വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് സ്ഥാപിക്കുമെന്ന് ഉറപ്പു ലഭിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗശല്യത്തിനെതിരെ കര്‍ഷകരില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുമെന്നാണ് കര്‍ഷക ജനതയുടെ മുന്നറിയിപ്പ്.