ഒടുവില്‍ ആഗ്രഹ സാഫല്യം അമ്മിണിയമ്മ സീതാദേവിയെ കണ്ടു

0

കാലുകള്‍ മുറിച്ച് മാറ്റി വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ കഴിഞ്ഞിരുന്ന അമ്മിണിയമ്മയ്ക്ക് ഒടുവില്‍ സീതാദേവിയെ തൊഴുത് സ്വപ്നം സാഫല്യമായി. പത്ത് വര്‍ഷത്തോളമായി പ്രമേഹം മൂലം ഇരുകാലുകളും മുട്ടിന് മുകളില്‍വെച്ച് മുറിച്ച് മാറ്റി ചികിത്സയില്‍ കഴിയുകയായിരുന്നു അമ്മിണിയമ്മ.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിവായി സീതാദേവി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി വാരാറുള്ള അമ്മിണി അമ്മ, രോഗം ബാധിച്ച് കിടപ്പിലായതോടെ ക്ഷേത്രദര്‍ശനം നടത്തണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കിറ്റുകള്‍ നല്‍കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമായി പുല്‍പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയമ്മയുടെ ആഗ്രഹം അറിയുന്നത്. കിറ്റുകളേയും ചികിത്സാ സഹായങ്ങള്‍ക്കുമപ്പുറം സീതാദേവി അമ്മയെ കാണുകയാണ് തന്റെ അന്ത്യാഭിലാഷമെന്ന് അമ്മിണിയമ്മ ഇവരെ അറിയിക്കുകയായിരുന്നു.
പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ അമ്മിണിയമ്മയെ കുളിച്ചൊരുക്കി പുതുവസ്ത്രം അണിയിച്ച് ഇടുങ്ങിയ വഴിയിലൂടെ വീല്‍ചെയറില്‍ ഇരുത്തി തോളത്തേന്തിയാണ് റോഡ് വരെ എത്തിച്ചത്. സ്വകാര്യ വാഹനത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കുകയായിരുന്നു. ക്ഷേത്ര നടയിലും ചുറ്റമ്പലത്തിലും ദര്‍ശനം നടത്തിയ ശേഷം ക്ഷേത്രക്കുളവും കാണിച്ചാണ് സ്വപ്ന സാക്ഷാത്കാരം നടത്തി അമ്മിണിയമ്മ മടങ്ങിയത്. ജീവിതത്തില്‍ ഒരിക്കലും ഇനി ക്ഷേത്രദര്‍ശനം നടത്താനാകില്ലെന്നായിരുന്നു അമ്മിണിയമ്മ വിശ്വസിച്ചിരുന്നത്. അമ്മിണിയമ്മയുടെ ഏക മകനായ രവിന്ദ്രന് കണ്ണിന് കാഴ്ച കുറവും മറ്റു രോഗങ്ങളുമുള്ളതിനാല്‍ ജോലിക്കായി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. രവീന്ദ്രന്റെ ഭാര്യ മിനി കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. അമ്മിണിയമ്മയെ പരിചരിക്കാനും മിനി മാത്രമേ ഉള്ളു. ഉദാരമതികള്‍ നല്‍കുന്ന സഹായത്താലാണ് ചികിത്സയുടെയും മരുന്നുകളുടെയും ചിലവുകള്‍ നടന്നുപോകുന്നത്. അമ്മിണിയമ്മയുടെ വീട്ടിലേക്ക് വാഹനം എത്തുന്നതിന് റോഡ് പണിത് നല്‍കണമെന്നാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പറയുന്നത്.സെക്കന്ററി പാലിയേറ്റീവ് പ്രവര്‍ത്തകരായ പി.എ. നാസര്‍, സതീശന്‍, ജയകുമാര്‍, ഡാനിയ പൗലോസ്. ജോസഫ്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അമ്മിണിയമ്മയെ അമ്പലത്തിലെത്തിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!