പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ വെറ്റിനറി സര്‍വകലാശാല മുന്‍ വിസിക്ക് വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കമീഷന്‍ രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് കൈമാറി.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ അന്വേഷിച്ചത്. ഇതില്‍ വെറ്റിനറി സര്‍വകലാശാല മുന്‍ വിസിക്ക് വീഴ്ച പറ്റിയെന്നും, സമയബന്ധിതമായി നടപടി എടുത്തില്ലെന്നുമാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ നേരത്തെ പുറത്താക്കിയിരുന്നു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അസിസ്റ്റന്റ് വാര്‍ഡന്‍, ഡീന്‍, ആംബുലന്‍സ് ഡ്രൈവര്‍ മുതല്‍ സിദ്ധാര്‍ത്ഥന്റെ അച്ഛനമ്മമാര്‍, അധ്യാപകര്‍, സുഹൃത്തുക്കളും ഉള്‍പ്പെടെ 28 പേരില്‍ നിന്ന് മൊഴിയെടുത്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ നേരില്‍ കണ്ടതിനു പിന്നാലെ മേയിലാണ് അന്വേഷണത്തിനായി ജുഡീഷ്യല്‍ കമീഷനെ നിയമിച്ചത്. ജസ്റ്റിസ് ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കഴിഞ്ഞ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.