കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നടത്തിയിരുന്ന തോണി സര്‍വീസ് പുനരാരംഭിച്ചു. കേരളത്തിലെ മരക്കടവ് ഡിപ്പോയില്‍ നിന്നും കര്‍ണാടകയിലെ മച്ചൂരിലേക്കുള്ള തോണി സര്‍വീസ് ഒരാഴ്ചയ്ക്ക് മുമ്പ് കര്‍ണാടക വനംവകുപ്പ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. കബനിയുടെ ഇരുകരകളിലുള്ളവര്‍ യാത്ര ചെയ്യാന്‍ മാര്‍ഗമില്ലാതെ പ്രയാസത്തിലായതോടെ പ്രതിഷേധമുയര്‍ന്നിരുന്നു. ബൈരക്കുപ്പ ഗ്രാമപ്പഞ്ചായത്തിന്റേയും ജനപ്രതിനിധികളുടേയും ഇടപെടലിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ തോണി സര്‍വീസ് പുനരാരംഭിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയത്.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെ മാത്രമേ തോണി സര്‍വീസ് നടത്താന്‍പാടുള്ളുവെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. നിത്യേന നൂറുകണക്കിനാളുകളാണ് ഈ തോണി സര്‍വീസിനെ ആശ്രയിച്ച് ഇരുകരകളിലേക്കും യാത്ര ചെയ്തിരുന്നത്. പുല്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലടക്കമുള്ളവര്‍ കര്‍ണാടകയിലേക്ക് പോകുന്നതിനായി പ്രധാനമായും ആശ്രയിച്ചിരുന്ന വഴിയാണിത്. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായും രോഗികള്‍ ചികിത്സയ്ക്കായും കേരളത്തിലേക്ക് വന്നിരുന്നതും ഇതുവഴിയാണ്. കര്‍ണാടകയില്‍ പാലിന്റെ വില കുറവായതിനാല്‍ മിക്ക കര്‍ഷകരും കേരളാതിര്‍ത്തിയിലെ കബനിഗിരി ക്ഷീരസംഘത്തിലാണ് പാല്‍ അളന്നിരുന്നത്. തോണി സര്‍വീസ് നിര്‍ത്തിയതോടെ ഇവരെല്ലാം വലിയ പ്രതിസന്ധിയിലായിരിന്നു. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇവിടെ തോണി സര്‍വീസ് നടത്തിയിരുന്നത്.