വൈദ്യഗിരി ദേവസ്ഥാനം തൈപ്പൂയ മഹോത്സവത്തിനൊരുങ്ങി
വൈത്തിരി വൈദൃഗിരി ശ്രീ സുബ്രഹ്‌മണ്യസ്വാമീ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ജനുവരി 26 വെള്ളിയാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന തൈപ്പൂയ വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും ശബരിമല, ഗുരുവായൂര്‍ മുന്‍മേല്‍ ശാന്തി ഏഴിക്കോട് ശശി നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി സുരേഷ് സ്വാമികള്‍, മാളികപ്പുറം മുന്‍മേല്‍ശാന്തി രജികുമാരന്‍ നീലകണ്ഠന്‍ നമ്പൂതിരി എറണാകുളം പുഷ്പന്‍ സ്വാമികള്‍, ധ്യാനാചാര്യന്‍ എടത്തല വിജയന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
രാവിലെ ആറ് മണിക്ക് പ്രത്യക്ഷ ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകള്‍ സുബ്രഹ്‌മണ്യസ്വാമിക്ക് തൈപ്പൂയ കലശമാടല്‍, ഭഗവതിക്ക് ഗുരുതിപൂജ, വിശേഷാല്‍ മുട്ടറുക്കല്‍, ഹിഡുംബസ്വാമീ പൂജ, കാവടി നിറക്കല്‍ എന്നിവയോടൊപ്പം മാരിയമ്മന്‍ കോവിലില്‍ നിന്നും തങ്കവേല്‍ എഴുന്നള്ളിപ്പും നടക്കും. ഭക്തര്‍ക്ക് സുബ്രഹ്‌മണ്യസ്വാമിക്ക് നേരിട്ട് പാലഭിഷേകം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാര്‍ത്തികേയം
———————
തൈപ്പൂയ ദിനമായ വെള്ളിയാഴ്ച വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ വ്യതാനുഷ്ഠാനത്തോടെ വൈദൃഗിരീശനെ ദര്‍ശിക്കാന്‍ എത്തുന്ന ചടങ്ങാണ് കാര്‍ത്തികേയം. കല്പറ്റ വേല്‍മുരുക കാവടി സംഘത്തിന്റെ നേതൃത്വത്തില്‍ തൈപ്പൂയ ദിവസം രാവിലെ 8.30 ന് സിവില്‍ സ്റ്റേഷന്‍ , പന്തിമൂല ഭഗവതിക്കാവില്‍ നിന്നും, മേപ്പാടി ,പൊഴുതന എന്നിവിടങ്ങളിലെ കാവടി സംഘങ്ങളുടെ നേതൃത്വത്തിലും കാവടി ഘോഷയാത്രകള്‍ വൈദൃഗിരിയില്‍ എത്തിച്ചേരും ക്ഷേത്രത്തില്‍ പ്രസാദ ഊട്ടും ഇതോടൊപ്പം നടത്തപ്പെടും.