സംസ്ഥാന ബഡ്ജറ്റ് രാവിലെ 9 മണിക്ക് ധനമന്ത്രി അവതരിപ്പിക്കും.
സംസ്ഥാന ബഡ്ജറ്റ് ഇന്ന് രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എന്‍ ബാല?ഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുക. വിവിധ ഫീസുകളിലും പിഴകളിലും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കില്ലെന്നാണ് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ജി.എസ്.ടിയിലൂടെ ഇന്ത്യയില്‍ നികുതി ഏകീകരണം വന്നതിന് ശേഷം, സംസ്ഥാന ധനമന്ത്രിമാര്‍ക്ക് വലിയ സ്വാതന്ത്ര്യം ബഡ്ജറ്റിലില്ലെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേതര വിഭാഗങ്ങളില്‍ അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തി വരുമാനം കൂട്ടാനും, പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി കൂടുതല്‍ നികുതി പിരിച്ചെടുക്കാനുമാണ് ലക്ഷ്യമിടുന്നത്.
വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ദ്ധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെന്‍ഷനുകളില്‍ നൂറ് രൂപയുടെ വര്‍ദ്ധന, പെന്‍ഷന്‍ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീര്‍ക്കല്‍, വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ തുക വകയിരുത്തല്‍ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്. വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ സഹായം ലഭ്യമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.