പാലക്കാട് ധോണി ജനവാസ മേഖലയില്‍ ഭീതിപരത്തുന്ന കാട്ടാനയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യസംഘം പാലക്കാടെത്തി. പി ടി സെവന്‍ എന്ന കാട്ടുകൊമ്പനെ പിടികൂടുന്നതിനായാണ് വയനാട്ടില്‍നിന്നും കുങ്കിയാനകളും
വനപാലകരുമടങ്ങുന്ന 28 അംഗ ദൗത്യസംഘം പാലക്കാടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ടാണ് എല്ലാവിധ സജ്ജീകരണങ്ങളുമായി സംഘം പോയത്.ധോണി മേഖലയില്‍ ഇറങ്ങി സ്ഥിരമായി പ്രശ്നങ്ങള്‍ സ്ൃഷ്ടിക്കുന്ന കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി, ചട്ടം പഠിപ്പിച്ച് കുങ്കിപടയുടെ ഭാഗമാക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിന്റെ മുന്നോടിയായാണ് വയനാട്ടില്‍ നിന്നും കുങ്കിയാനകളുംവനപാലക സംഘവും പാലാക്കാട്ടേക്ക് പോയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരു സഖറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ്, എലിഫന്റ് സ്‌ക്വാഡ് ആന്‍ഡ് ആര്‍.ആര്‍.ടി. റെയ്ഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 28 അംഗങ്ങളാണ് ദൗത്യത്തിനായി പോയിരിക്കുന്നത്. ആനയെ മയക്കുവെടിവെച്ചുതളക്കുന്നതിനായി മുത്തങ്ങ പന്തിയിലെ ഭരതന്‍, വിക്രം എന്നീ കുങ്കിയാനകളെയാണ് സംഘത്തോടൊപ്പമുള്ളത്. ഇവയുടെ പരിപാലനത്തിനായി എട്ട് പാപ്പാന്മാരും സംഘത്തിലുണ്ട്. കാട്ടുകൊമ്പനെ പിടികൂടുന്നതിന്റെ ഭാഗമായി മയക്കുവെടിയേറ്റുകഴിഞ്ഞാല്‍ വീഴാതെ താങ്ങിനിറുത്തി വാഹനത്തിലേക്കും പിന്നീട് കൂട്ടിലേക്ക് കയറ്റാനുമാണ് കുങ്കിയാനകള്‍ സഹായിക്കുക.