സുല്‍ത്താന്‍ബത്തേരി പഴേരി വീട്ടികുറ്റിയില്‍ കടുവയുടെ ആക്രമണത്തില്‍ 2 മാസത്തിനിടെ കൊല്ലപ്പെട്ടത് 10 വളര്‍ത്തുമൃഗങ്ങള്‍. വീട്ടികുറ്റി വേലായുധന്‍, ശുപ്രന്‍, ചെറുക്കന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കഴിഞ്ഞദിവസം പകല്‍ വേലായുധന്റെ കണ്‍മുമ്പില്‍ നിന്നാണ് ആടിനെ കടുവ കൊന്നത്. കടുവയുടെ ആക്രമണത്തില്‍ നഷ്ടമായ വളര്‍ത്തുമൃഗങ്ങളുടെ നഷ്ടപരിഹാരതുകയും ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
രണ്ട് മാസത്തിനിടെ പത്ത് വളര്‍ത്ത്മൃഗങ്ങളെ ഒരേയിടത്ത് നിന്ന് കടുവ കൊന്നിട്ടും പുറംലോകം അറിഞ്ഞിട്ടില്ല. പതിറ്റാണ്ടുകളായ വനാതിര്‍ത്തിയിലെ ലീസ് ഭൂമിയില്‍ കഴിയുന്ന പഴേരി വീട്ടിക്കുറ്റിയിലെ കര്‍ഷകരുടെ ജീവിതോപാധിയാണ് കടുവയുടെ ആക്രമണത്തില്‍ ഇല്ലാതാവുന്നത്. ഒടുവില്‍ ജീവിതം വഴിമുട്ടുന്നു എന്നതിരിച്ചറിവില്‍ പ്രതികരിക്കാന്‍ തയ്യാറായിരിക്കുകയാണ് ഇവിടത്തെ പാവം കര്‍ഷകര്‍.