ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്കില്‍ ഒളിപ്പിച്ച മായാജാലത്താല്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ഥമാണ് എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിച്ചുവരുന്നത്.
ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടത്തന്ന താരമാണ് ധ്യാന്‍ ചന്ദ്. ധ്യാന്‍ചന്ദിന്റെ കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തില്‍ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം പട്ടാളത്തില്‍ മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.ഇന്ത്യന്‍ രാഷ്ട്രപതി കായിക താരങ്ങള്‍ക്കുള്ള അര്‍ജുന അവാര്‍ഡ് പരിശീലകര്‍ക്കുളള ദ്രോണാചാര്യ പുരസ്‌കാരം എന്നിവ ഈ ദിവസം സമ്മനിക്കും. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ദില്ലിയിലെ ദേശീയ സ്റ്റേഡിയത്തെ 2002 ല്‍ ധ്യാന്‍ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തു. അദ്ദേഹം പഠിച്ചിരുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ഒരു ഹോസ്റ്റലിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയുണ്ടായി. ധ്യാന്‍ ചന്ദിന്റെ സ്മരണയ്ക്കായി അനുസ്മരണ തപാല്‍ സ്റ്റാമ്പും ഒന്നാം ദിന കവറും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.