മികവ് ഭൗതിക വികസനം കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 6 ന്
മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികവ് ഭൗതിക വികസനം ഒന്നാം ഘട്ടം കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 6 ന് നടക്കും.കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മികവ് പദ്ധതിയുടെ ഭാഗമായി 5 കോടി രൂപ കിഫ്ബി വിഹിതവും ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപയും പി.ടി.എ സമാഹരിച്ച 2 ലക്ഷം രൂപയും കൂടി 5 കോടി 87 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.6 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമ്പേള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.ഒ.ആര്‍.കേളു എം.എല്‍.എ.ചടങ്ങില്‍ മുഖ്യാതിഥിയാകുന്നതോടൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ, ക്ഷേമകാര്യ ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍,പ്രിന്‍സിപ്പാള്‍ സലീം അല്‍ത്താഫ് കൂടത്തില്‍,പി.ടി.എ.പ്രസിഡന്റ് പ്രദീപശശി,പി.പി.ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.