ജില്ലയില്‍ ജൈവ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കണം  – രാഹുല്‍ഗാന്ധി എംപി

0

കാര്‍ഷിക പാരമ്പര്യമുളള ജില്ലയില്‍ ജൈവ കൃഷി രീതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയി രുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഡിസ്ട്രിക് ഡവലപ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ (ദിശ) അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തനത് നെല്‍വിത്തുകള്‍ സംരക്ഷിക്കപ്പെടണം. വിദേശ വിപണിയിലടക്കം പാരമ്പര്യ നെല്ലിനങ്ങളും തനത് കാര്‍ഷിക വിളകളും വിപണനം നടത്തുന്നതിനുളള നടപടികള്‍ ഉണ്ടാകണം.  കര്‍ഷക സംഘങ്ങള്‍ക്ക്  വായ്പ മോറട്ടോറിയത്തില്‍  സബ്‌സിഡി ഒഴിവാക്കുന്നതിനെതിരെ  കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.പി പറഞ്ഞു

ജില്ലയിലെ റോഡുകളുടെ സമഗ്രവികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ പ്രോജക്ടുകള്‍ തയ്യാറാക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശിച്ചു. പദ്ധതിക്ക് കേന്ദ്ര തലത്തില്‍ അംഗീകാരം നേടാനുളള നടപടികള്‍ സ്വീകരിക്കും. ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഗോത്രമേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെളളം നല്‍കുന്നതിന് മുന്‍ഗണന നല്‍കണം. വനാതിര്‍ത്തിയോട് ചേര്‍ന്നുളള ഗ്രാമവാസികളുടെ ആരോഗ്യ പരിരക്ഷക്കായി കൂടുതല്‍ സംവിധാനം ഒരുക്കാനുളള നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശം നല്‍കി.

എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികള്‍, പ്രളയാനന്തര പുനരധിവാസ പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ചുമുളള വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള യോഗത്തില്‍ വിശദീകരിച്ചു.ദേശീയ തൊഴിലുറപ്പ് പദ്ധതി, എന്‍.ആര്‍.എല്‍.എം, ഡി.ഡി.യു.ജി.കെ.വൈ, പി.എം.ജി. എസ്.വൈ, പ്രധാന്‍മന്ത്രി ആവാസ് യോജന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ റൂറല്‍ ഡ്രിങ്കിംങ്ങ് വാട്ടര്‍ പ്രോഗ്രാം, സ്വച്ച് ഭാരത് മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പുരോഗതികളും യോഗം അവലോകനം ചെയ്തു.

യോഗത്തില്‍ കെ.സി വേണുഗോപാല്‍ എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!