കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജനയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ അദീല അബ്ദുളള വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ച്ചറിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ്. സര്‍ക്കാരിന്റെയും ഏജന്‍സിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ 3 ബ്ലോക്കുകളില്‍ ക്യാമ്പുകള്‍ നടത്തി 456 ഗുണഭോക്താക്കളെ കണ്ടെത്തുകയും അതില്‍ നിന്ന് യോഗ്യതയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി വീല്‍ച്ചെയര്‍, കണ്ണട, ഹിയറിംഗ് എയ്ഡ്, വാക്കിംങ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ. മോഹനദാസ്, അലിംകോ അസിസ്റ്റന്റ് മാനേജര്‍ പി.വി. സാംസണ്‍, ജില്ലാ സാമൂഹ്യനീതി സൂപ്രണ്ട് വി.സി സത്യന്‍ എന്നിവര്‍ സംസാരിച്ചു.