പുല്‍പ്പള്ളി മൂഴിമലയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. ഞായറാഴ്ച രാത്രി ഒന്നരയോടെ മൂഴിമല അഖില്‍ നിവാസില്‍ ഉദയയുടെ വീടിന് മുന്നിലെത്തിയ കാട്ടാന ഒന്നര മണിക്കൂറോളം വീടിനോട് ചേര്‍ന്ന് നിലയുറപ്പിക്കുകയും മുറ്റത്തെ കപ്പ, പച്ചക്കറി, വാഴ ഉള്‍പ്പെടെ നശിപ്പിച്ചു. ബെന്നി, രാജന്‍, ഷൈനി എന്നിവരുടെയും കൃഷി വാഴ, കാപ്പി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.
ആഴ്ചകളായി ഈ മേഖലയില്‍ ഒറ്റയാനിറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിക്കൈാണ്ടിരിക്കുന്നത്. സന്ധ്യ മയങ്ങുന്നേതോടെ നെയ്ക്കുപ്പ വനത്തില്‍ നിന്നും ജനവാസ കേന്ദ്രത്തിലെത്തുന്ന ആന നിരവധി കര്‍ഷകരുടെ കൃഷികളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വേലിയമ്പം, മരകാവ് , ഭൂതാനം, മാരപ്പന്‍മൂല തുടങ്ങിയ പ്രദേശങ്ങളില്‍ ആനയിറങ്ങി ലക്ഷങ്ങളുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിനും, വനാതിര്‍ത്തിയില്‍ തകര്‍ന്നു കിടക്കുന്ന ട്രഞ്ചും ഫെന്‍സിംഗും നന്നാക്കുന്നതിന് വനം വകുപ്പ് തയ്യാറാകുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി. കാട്ടാന ശല്യം ദിനം പ്രതി വര്‍ധിച്ചേതോടെ പ്രദേശവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.