ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് അനുവദിച്ചിരുന്ന മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ് (എംഎഎന്‍എഫ്) നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍, നിശ്ചിത വരുമാന പരിധിയിലുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്ന പ്രീമട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്ര സാമൂഹിക നീതി, ഗോത്രവര്‍ഗകാര്യ മന്ത്രാലയങ്ങള്‍ നല്‍കിയിരുന്ന പ്രീമട്രിക് സ്‌കോളര്‍ഷിപ്പുകളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ഫെലോഷിപ്പുകളില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ടെന്നും എംഎഎന്‍എഫ് സ്‌കീം മറ്റു ചില ഫെലോഷിപ് പദ്ധതികളുടെ പരിധിയില്‍ വരുന്നുണ്ടെന്നും വ്യക്തമാക്കിയാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഇതു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത്.ടി.എന്‍.പ്രതാപന്റെ ചോദ്യത്തിനു മറുപടിയായി ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജെയിന്‍, പാര്‍സി, സിഖ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് എംഫില്‍, പിഎച്ച്ഡി പഠനത്തിനു നല്‍കുന്നതാണ് എംഎഎന്‍എഫ്. 5 വര്‍ഷത്തേക്കാണ് ഫെലോഷിപ് അനുവദിച്ചിരുന്നത്.