റവന്യു ഓഫീസുകള്‍ സ്മാര്‍ട്ട് സംവിധാനമാക്കി മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അത്യാധുനിക സൗകര്യങ്ങളോടെ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നുവെന്ന് റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. മാനന്തവാടി താലൂക്കിലെ പൊരുന്നന്നൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തില്‍ ആയിരത്തിലധികം വില്ലേജ് ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ട് ഓഫീസുകളായി മാറിയതായി മന്ത്രി അറിയിച്ചു. റവന്യു വകുപ്പില്‍  നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് പത്തോളം രാജ്യങ്ങളില്‍ നിന്നും പോലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്ന തരത്തില്‍ സേവനങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലേജ് ഓഫീസര്‍മാരില്‍ നിന്ന് ലഭ്യമാക്കുന്ന 21ഓളം റവന്യൂ സേവനങ്ങള്‍ ഇതിനകം ഇ-സേവനങ്ങളാക്കി മാറ്റിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 623 പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. 407 വില്ലേജ് ഓഫീസുകള്‍ അറ്റകുറ്റപ്പണികള്‍ വഴി സ്മാര്‍ട്ട് ഓഫീസുകളാക്കി നവീകരിച്ചു. കൂടാതെ 263 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ മിഷന്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായും നാലര ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമിയുടെ നിയമാനുസൃത ഉടമസ്ഥാവകാശം  ഉറപ്പാക്കാനായതായും മന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും നവീകരിക്കുന്ന നടപടികള്‍ പുരോഗമിച്ചുക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായും സുതാര്യമായും വേഗതയേറിയതുമായ സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷ പ്രസംഗത്തില്‍  വ്യക്തമാക്കി. മാനന്തവാടി മണ്ഡലത്തില്‍ മാത്രം5000ഓളം പേര്‍ക്ക് ഭൂരേഖകള്‍ കൈമാറാന്‍ കഴിഞ്ഞതായും  ഡിജിറ്റല്‍ ഭൂസര്‍വേ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈചൂരല്‍മല ദുരന്തത്തില്‍പ്പെട്ട അതിജീവിതര്‍ക്കുള്ള വീടുകളുടെ കൈമാറ്റം സുതാര്യമായി ക്രമീകരിക്കാന്‍ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ഏകോപിത ഇടപെടലിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനന്തവാടി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കാനെന്നും, ജില്ലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രതേക പ്രാധാന്യം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഉദ്യോഗസ്ഥര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.