കൽപ്പറ്റ മാനന്തവാടി സംസ്ഥാന പാതയിൽ പനമരം മുതൽ പച്ചിലക്കാട് വരെയുള്ള ഭാഗത്ത് തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിട്ടു. തെരുവുവിളക്കുകൾ പ്രവർത്തക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുയരുന്നത്. പനമരം നെല്ലാറാട്ട് കവല മുതൽ പച്ചിലക്കാട് വരെയുള്ള 15-ഓളം തെരുവുവിളക്കുകളാണ് പൂർണമായും കണ്ണടച്ചിരിക്കുന്നത്. തെരുവു വിളക്കുകൾ പ്രവർത്തനരഹിതമായതോടെ ഇറക്കവും വളവുകളുമുള്ള പാതയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. വന്യമൃഗ ശല്യവും തെരുവുനായ ഭീഷണിയും നിലനിൽക്കുന്നതിനാൽ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. ഒരു മാസം മുൻപ് എരനെല്ലൂർ , മേച്ചേരി, നെല്ലിയമ്പം, കയാക്കുന്ന് എന്നിവിടങ്ങളിൽ ഭീതി പരത്തിയ കാട്ടാനകൾ ഈ റോഡ് വഴിയാണ് കടന്നു പോയത്. രണ്ടര മാസം മുൻപ് പ്രദേശത്ത് കടുവ സാന്നിധ്യവുമുണ്ടായിരുന്നു. കൂടാതെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. തെരുവുവിളക്കുകൾ കത്താത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കരിമ്പുമ്മൽ , എരനെല്ലൂർ , താഴെ പച്ചിലക്കാട് എന്നിവിടങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ച് കഴിഞ്ഞാൽ പ്രദേശം കൂരാകൂരിരുട്ടിലാവും. കരിമ്പുമ്മൽ ടൗണിലും കവലയിലും രണ്ട് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരമാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Comments (0)
No comments yet. Be the first to comment!