കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി വിപണിയില്‍ വിലകുതിച്ചുയരുന്നു. കിലോയ്ക്ക് എഴുന്നൂറ്റിപത്ത് രൂപയാണ് ഇന്നത്തെ മാര്‍്കറ്റ് വില. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുശേഷമാണ് വില എഴുനൂറ് പിന്നിടുന്നതെന്നും വില ഉയരുമ്പോഴും ഉല്‍പാദനംകുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയെന്നും വ്യാപാരികള്‍.

പൊന്നിന് മാത്രമല്ല കറുത്ത പൊന്നിനും വില ഉയരുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് കുരുമുളകിന് ഇപ്പോള്‍ മാര്‍ക്കറ്റിലുള്ളത്. എഴുനൂറ്റിപത്ത് രൂപയാണ് കിലോയ്ക്ക് ഇന്നത്തെ വില. കഴിഞ്ഞ വര്‍ഷം ഈ സമയം അറുനൂറ് രൂപയായിരുന്നുവില. ഉദ്പാദനവും ഇറക്കുമതിയും കുറഞ്ഞതും ആഭ്യന്തര ഉപയോഗം വര്‍ദ്ധിച്ചതുമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വില ഉയരുമ്പോഴും ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ജില്ലയില്‍ കുരുമുളക് ഉദ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രോഗബാധയും കാലാവസ്ഥ വ്യതിയാനവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.