ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ തീരുമാനിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഹൈദരാബാദ് സ്വദേശിയാണ്. തെരഞ്ഞെടുപ്പിന്റെ ആലോചനയുടെ ഭാഗമായി, പ്രതിപക്ഷ പാര്‍ടി എംപിമാര്‍ നാളെ ഉച്ചയ്ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ യോഗം ചേരും.

നാമനിര്‍ദേശ പത്രിക ഈ മാസം 21ന് സമര്‍പ്പിക്കും. 22 നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാന്‍ ആഗസ്ത് 25 വരെ സമയമുണ്ട്. സെപ്തംബര്‍ ഒമ്പതിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പകല്‍ 10 മുതല്‍ അഞ്ച് വരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ഗവര്‍ണറുമായ സി.പി രാധാകൃഷ്ണനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ  രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളേജ് അംഗങ്ങള്‍. 782 ആണ് നിലവിലെ ഇലക്ട്രല്‍ കോളേജ് സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക് 341 എംപിമാരുണ്ട്. എന്‍ഡിഎയില്‍ 426 പേരും.