- 2019 മുതൽ ഇതുവരെ കൈമാറിയത് നഷ്ടപ്പെട്ട 367 മൊബൈല്‍ ഫോണുകള്‍
കല്‍പ്പറ്റ: വയനാട് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി രണ്ടാഴ്ചക്കിടെ തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് കൈമാറിയത് നഷ്ടപ്പെട്ട 43 മൊബൈല്‍ ഫോണുകള്‍. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസിന്റെ നിർദേശപ്രകാരം ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെ നടത്തിയ ഡ്രൈവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്തിയത്.
2019 മുതൽ ഇതുവരെ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി തിരിച്ചെടുത്ത് ഉടമസ്ഥര്‍ക്ക് കൈമാറിയത് നഷ്ടപ്പെട്ട 367മൊബൈല്‍ ഫോണുകളാണ്. സി.ഇ.ഐ ആര്‍ (CEIR) പോര്‍ട്ടലിന്റെ സഹായത്തോടെയാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ബത്തേരി സ്‌റ്റേഷനിലാണ് കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി നല്‍കിയത്. കൃത്യമായ അന്വേഷണത്തിനൊടുവില്‍ 56 ഫോണുകളാണ് അവര്‍ ഉടമസ്ഥര്‍ക്ക് കൈമാറിയത്. കല്പറ്റ 49, പുൽപള്ളി 43, പുൽപള്ളി 29, മേപ്പാടി 28 ഫോണുകളും ഉടമസ്ഥര്‍ക്ക് തിരിച്ചെടുത്തു നല്‍കി. നഷ്ടപ്പെട്ട ഫോണുകള്‍ ജില്ലക്കകത്തും പുറത്തും നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളാ പോലീസിന്റെ www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നഷ്ടമായ ഫോണില്‍ സിം മാറ്റിയിടുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ നോട്ടിഫിക്കേഷന്‍ വഴിയാണ് ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുന്നതും ഫോണ്‍ കൈവശം വെച്ച ആളിലേക്ക് പോലീസ് എത്തുന്നതും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താൽ ഫോൺ തിരികെ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. CEIR പോര്‍ട്ടല്‍ വഴി നിരന്തരം നിരീക്ഷിച്ച് നഷ്ടമായ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തികളെ കണ്ടെത്തി അവരില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ തിരിച്ചെടുക്കുന്നത്.
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത്
- എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പൊല്‍-ആപ്പ് (POL-APP) വഴിയോ, തുണ വെബ് പോര്‍ട്ടല്‍ വഴിയോ, പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
- സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.
- www.ceir.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം.
ഈ വെബ്സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ (മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐ.ഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐ.ഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in വെബ്സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം
- നഷ്ടമായ സ്മാര്‍ട്ട് ഫോണില്‍ സ്വകാര്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ
Comments (0)
No comments yet. Be the first to comment!