പനമരം : പനമരം - മാനന്തവാടി റോഡിലെ കൂളിവയൽ ഹെൽത്ത് സെൻ്ററിന് സമീപം കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കാർ യാത്രക്കാരായ കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് സ്വദേശി വെള്ളാങ്കൽ രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാൾ സ്വദേശിയായ അബ്ദുൽ അൻസാരി (28) എന്നിവരാണ് മരിച്ചത്.  തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഹെൽത്ത് സെൻ്ററിനടുത്ത വളവിൽ മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സും, പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പട്ടത്. കാറിൽ കുടുങ്ങിയവരെ മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.  രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അപകടത്തിൽ   പരിക്കേറ്റ സഹയാത്രികൻ്റെ നില ഗുരുതരമാണെന്നാണ് വിവരം മൃതദേഹങ്ങൾ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  കെഎൽ 57 എസി 6632 എന്ന നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കോടഞ്ചേരി ഭാഗത്തുള്ള എവർഗ്രീൻ കൺസ്ട്രക്ഷന്റെ ജീവനക്കാരാണിവർ.  അഞ്ചുകുന്നിൽ നിർമിക്കുന്ന വീടിൻ്റെ ജോലിക്ക് എത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.  മരണപ്പെട്ട രഞ്ജുവിന്റെ മുഖം തിരിച്ചറിയാത്ത വിധമാണുള്ളത്. മുൻപ് കൈകാലുകളിൽ ശസ്ത്രക്രിയ ചെയ്ത പാട് നോക്കിയാണ് ആശുപത്രിയിൽ എത്തിയ ബന്ധു ഇയാളെ തിരിച്ചറിഞ്ഞത്. മത്തായിയുടേയും എൽസിയുടേയും മകനാണ് രഞ്ജു മാത്യു. ഭാര്യ : ജിജി. ഒരു മകളുണ്ട്.