ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ ചില വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടപെടല്‍. താഴെ പറയുന്ന വകുപ്പുകളിലാണ് കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷന്‍ 3(1)(r)ലെ വ്യവസ്ഥ നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ സ്റ്റേ ചെയ്തു.

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. അതേസമയം, രജിസ്‌ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്
സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തിട്ടില്ല. എന്നിരുന്നാലും, സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്‌സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.