ഗുണകരമാകേണ്ട നിയമം ദോഷകരമായി നടപ്പാക്കരുത് മനുഷ്യാവകാശ കമ്മീഷന്‍

0

 

തൊഴിലാളികള്‍ക്ക് ഗുണകരമാകേണ്ട നിയമം ദോഷകരമായി നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടായതിന്റെ പേരില്‍ പെന്‍ഷന്‍ നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം പ്രവണതകള്‍ നീതീകരിക്കാനാവില്ലെന്നും അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവില്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെയാണ് ഉത്തരവ്.

ബോര്‍ഡില്‍ അംഗമായിരുന്ന തനിക്ക് 60 വയസ്സ് കഴിഞ്ഞിട്ടും പെന്‍ഷന്‍ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ട് വേങ്കോട് സ്വദേശി പുഷ്പമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 2017 ല്‍ പരാതിക്കാരിക്ക് 60 വയസ്സ് പൂര്‍ത്തിയായെങ്കിലും പെന്‍ഷന് അപേക്ഷ നല്‍കിയത് 2020 ജനുവരി 17 നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷ നല്‍കാന്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസം വരുത്തിയാല്‍ പെന്‍ഷന്‍ അപേക്ഷ നിരസിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കാലതാമസം വരുത്തി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉത്തരവുകളുടെയോ നിയമത്തിലെ വ്യവസ്ഥകളുടെയോ പിന്‍ബലത്തില്‍ അല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. നിയമത്തിലോ ചട്ടത്തിലോ ഉള്‍പ്പെടാത്ത നിബന്ധന ബോര്‍ഡിന് നിഷ്‌കര്‍ഷിക്കാന്‍ അധികാരമില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ കാലതാമസം ഉണ്ടെങ്കില്‍ പ്രസ്തുത കാലയളവ് വേണമെങ്കില്‍ ഒഴിവാക്കാം. ശാശ്വതമായി പെന്‍ഷന്‍ നിഷേധിക്കാനുള്ള അധികാരം ബോര്‍ഡിനില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!