തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 63027 പേരുടെ ഹിയറിങ് പൂര്‍ത്തിയായി. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി ആകെ 63027 ഹിയറിങ് നോട്ടീസുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. നോട്ടീസ് നല്‍കിയ മുഴുവന്‍ പേരും ഹിയറിങ്ങില്‍ പങ്കെടുക്കുകയും അന്തിമ കരട് വോട്ടര്‍ പട്ടിക വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 3,26,935 പേര്‍ 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണെന്ന് എസ്.ഐ.ആര്‍ നടപടികളിലൂടെ ബി.എല്‍.ഒമാര്‍ സ്ഥിരീകരിച്ചു. 2,58,775 പേരുടെ അടുത്ത ബന്ധുക്കള്‍ 2002-ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.  18,777 വോട്ടര്‍മാര്‍ക്കാണ് 2002- ലെ വോട്ടര്‍ പട്ടികയില്‍ സ്വന്തം പേരോ, അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ജില്ലയില്‍ ആകെ 37223  പേരാണ് എ.എസ്.ഡി ലിസിറ്റില്‍ ഉള്‍പ്പെട്ട് കരട് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായത്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

23016 പേരാണ് വോട്ടര്‍ പട്ടികയില്‍  പുതുതായി പേര് ചേര്‍ക്കാന്‍ ഫോം 6 പ്രകാരം ഇതുവരെ അപേക്ഷ നല്‍കിയത്. പ്രവാസികളായ 1781 പേരാണ് ഫോം 6 എ യില്‍ അപേക്ഷിച്ചത്. ഫോം 7 ല്‍ 155 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരട് പട്ടികയില്‍ ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 6,04,487ആയി. ഇതില്‍ 2,96,036 പുരുഷന്‍മാരും 3,08,449 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉള്‍പ്പെടുന്നത്. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍  എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങള്‍, പരാതി തീര്‍പ്പാക്കല്‍ എന്നിവ ഇന്ന് (ഫെബ്രുവരി 14) വരെ നടക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും. കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റോള്‍ ഒബ്‌സര്‍വറും റവന്യൂ സെക്രട്ടറിയുമായ എം.ജി രാജമാണിക്യം, സബ് കളക്ടര്‍ അതുല്‍ സാഗര്‍,  അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍,  എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.