പനമരം എരനെല്ലൂരില്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തി കാട്ടുകൊമ്പന്മാരുടെ വിളയാട്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് മേഖലയില്‍ കാട്ടാനകളെത്തിയത്. പ്രദേശത്ത് വനപാലകര്‍ ക്യാമ്പ് ചെയ്ത് ആനകളെ തുരത്താനുള്ള ശ്രമം നടത്തുന്നു.
വനത്തില്‍ നിന്നും 15 കിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് എരനെല്ലൂര്‍. പുലര്‍ച്ചെ ഇവിടെ എത്തിയ കാട്ടാന എരനെല്ലൂര്‍ ക്ഷേത്രത്തിന് മുന്‍പിലെ സംസ്ഥാന പാതയായ കല്‍പ്പറ്റ - മാനന്തവാടി റോഡിലൂടെ നടന്നുനീങ്ങിയിരുന്നു. എരനെല്ലൂരിലെ പാമ്പൂലില്‍ ദിലീപിന്റെ ഭാര്യ മായയാണ് വീടിന് സമീപം ആനകളെ ആദ്യം കണ്ടത്.10 വര്‍ഷം മുമ്പ് മായയുടെ വീടിന് സമീപം കാട്ടാനയെത്തിയിരുന്നു. അന്ന് ഒരു പശുവിനെ കൊല്ലുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കാട്ടാന വീണ്ടും എത്തിയത് വലിയ ആശങ്കയ്ക്കിടയാക്കുകയാണ്.
പ്രദേശത്ത് ഭീതി പരത്തിയ കാട്ടാനകളെ വനപാലകരും ആര്‍ആര്‍ടി ടീമും ചേര്‍ന്ന് കാടുകടത്താനുള്ള ശ്രമത്തിനിടെ എരനെല്ലൂരിലെയും, മേച്ചേരിയിലെയും സ്വകാര്യ തോട്ടങ്ങളിലൂടെ കാട്ടാനകള്‍ താണ്ഡവമാടി. പടക്കം പൊട്ടിച്ചതോടെ കാട്ടാനകള്‍ മേച്ചേരി വയലിലൂടെ പനമരം ചെറുപുഴ കടന്ന് നെല്ലിയമ്പം റോഡിലേക്കെത്തി. ഇവിടെയുള്ള ചോയിക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തില്‍ നിലയുറപ്പിച്ച ആനകള്‍ മൂന്ന് കിലോമീറ്റര്‍ മാറിയുള്ള പതിരി വനത്തിലേക്ക് കടക്കാന്‍ കൂട്ടാക്കിയില്ല.പ്രദേശത്തെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനാല്‍ ഇന്ന് വൈകീട്ടോടെയാവും ആനകളെ തുരത്തുകയുള്ളൂ. അതുവരെ ആനകളെ നിരീക്ഷിക്കും. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!