വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിൻഡറിന് തീ പിടിച്ചു. പനമരം കൊയിലേരി പാലത്തിന് സമീപത്തെ ചെറുകാട്ടൂർകുന്ന് അനിലിൻ്റെ  വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. ഇന്ന് രാവിലെ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്ക് ആയി സിലിണ്ടറിലേക് തീ പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനാൽ വൻ അപകടത്തിൽ നിന്നുമാണ് കുടുംബം രക്ഷപെട്ടത്. 
ഫയർ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ മാനന്തവാടിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാസേനാ അംഗങ്ങളെത്തി വെള്ളം പമ്പ് ചെയ്ത് സിലിണ്ടറിലെ തീ അണക്കുകയും സിലിണ്ടർ തണുപ്പിക്കുകയും ചെയ്തതിനു ശേഷം സിലിണ്ടർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് )സെബാസ്റ്റ്യൻ ജോസഫ്, അസി സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) ഒ.ജി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനം നടത്തിയത്.