രാമായണത്തിന്റെ പൊരുളും നന്മയും പകര്‍ന്നു നല്‍കുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ പെയ്തിരുന്ന കര്‍ക്കടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്.
രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം. കര്‍ക്കടക മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം. മണ്‍മറഞ്ഞ പിതൃക്കള്‍ക്കായി കര്‍ക്കടക വാവുബലിയും ഈ മാസം നടത്തും.
ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് കര്‍ക്കിടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി ഏറെ പ്രശസ്തമാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ രാമായണ മാസാചരണം നടക്കും. വിശ്വാസികളെ സംബന്ധിച്ച് കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശനവും പ്രധാനപ്പെട്ടതാണ്. കര്‍ക്കടകം വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.