വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയവിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ സോര്‍ബിങ് ബോള്‍, മള്‍ട്ടി സീറ്റര്‍ സീ സോ, മള്‍ട്ടി പ്ലേ ഫണ്‍ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടര്‍ കിയോസ്‌ക് എന്നിവആധുനിക രീതിയില്‍ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാര, പൊതുമരാമത്ത് മേഖലകള്‍ക്ക് മാനന്തവാടി മണ്ഡലം പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
അതുകൊണ്ട് തന്നെ ജില്ലയിലെ വിനോസഞ്ചാര മേഖലയുടെവികസനത്തിനായി സര്‍ക്കാര്‍ നടത്തിയത് വളരെ വലിയ ഇടപെടലുകളാണ്. വയനാട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി വയനാട് മാറി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കുമാര്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സിക്യൂട്ടീവ് അംഗം പി വി സഹദേവന്‍, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാന്‍, മാനന്തവാടി നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡോളി രഞ്ജിത്ത്, സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.