കെഎസ്ആർടിസി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ നടപ്പിലാകും

0

കെഎസ്ആർടിസി സിം​ഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ മാത്രം സിം​ഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. സിം​ഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

8 ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി പരിഷ്കരണം അംഗീകരിക്കില്ലെന്നറിയിച്ചായിരുന്നു കോൺഗ്രസ് അനുകൂല സംഘടന ടിഡിഎഫിൻറെ സമരപ്രഖ്യാപനം. പണിമുടക്കിനെ നേരിടാൻ ആദ്യം മുതലേ മാനേജ്മെൻറ് പദ്ധതികളൊരുക്കിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാർ ആലോചിക്കണമെന്നായിരുന്നു മന്ത്രി ആൻറണി രാജുവിൻറെ മുന്നറിയിപ്പ്.

സർവീസുകൾ മുടക്കം വരാതിരിക്കാനായി കാലാവധി കഴിഞ്ഞ പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവർ, കണ്ടക്ടർമാരുടെ വിവരവും തേടിയിരുന്നു. പിന്നാലെയാണ് പണിമുടക്ക് പിൻവലിക്കുന്നതായി ടിഡിഎഫ് അറിയിച്ചത്. 12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസും പരിഗണിച്ചും പണിമുടക്ക് പിൻവലിക്കുന്നുവെന്നാണ് വിശദീകരണം. അതിനിടെ സെപ്തംബർ മാസത്തെ ശമ്പളത്തിനായി 50 കോടി രൂപ ആവശ്യപ്പെട്ട് മാനേജ്‍മെന്റ് ധനവകുപ്പിന് കത്തുനൽകി.

Leave A Reply

Your email address will not be published.

error: Content is protected !!