മുംബൈ: സെമിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് പരീക്ഷ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ മാത്രമാണ്. സഞ്ജു സാംസണിൻ്റെ മികവിൽ വിൻഡീസിനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാകും ഇംഗ്ലണ്ട്. 2010, 2022 ടി20 ലോകകപ്പുകളിൽ കിരീടം അലമാരയിലെത്തിച്ച ഇംഗ്ലണ്ട് ഇത്തവണയും ഇന്ത്യൻ ടീമിന് കനത്ത വെല്ലുവിളി ഉയർത്തും.ഇംഗ്ലീഷ് ടീമിൻ്റെ ബാറ്റിങ് - ബോളിങ് മികവല്ല ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. അത് സ്വന്തം പാളയത്തിലെ കുറവുകൾ തന്നെയാണ്. ബാറ്റിങ്ങിലേക്ക് നോക്കിയാൽ ടോപ്പ് ഓർഡറിലെയും മധ്യനിരയിലെയും തെളിഞ്ഞ് നിൽക്കുന്ന വീക് പോയിൻ്റുകൾ നിരവധിയാണ്. പരിശീലകൻ ഗൗതം ഗംഭീർ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞു. അതിനുള്ള പ്രധാന സൂചനയാണ് ഓപ്പണിങ് ജോഡിയിൽ അഴിച്ചുപണി നടത്തി ഇഷാൻ കിഷനെ മൂന്നാമനാക്കി സഞ്ജു സാംസണെ അഭിഷേക് ശർമ്മയ്ക്കൊപ്പം ക്രീസിലേക്ക് എത്തിക്കുകയെന്ന തീരുമാനം.സിംബാബ്‌വെക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര തനി സ്വഭാവം കാണിച്ചതൊഴിച്ചാൽ മറ്റൊരു മത്സരത്തിലും അതുണ്ടായില്ല. ഇന്ത്യ ടി20 ലോകകപ്പിന് ഒരുങ്ങുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ പേരാണ് അഭിഷേക് ശർമ്മയുടേത്. എന്നാൽ അഭിഷേകിന് തൻ്റെ പ്രതാപത്തിലേക്ക് എത്താനാകുന്നില്ല. തുടർച്ചയായ മൂന്ന് ഡക്കുകൾ എന്ന നാണക്കേട് അഭിഷേകിലേക്ക് എത്തിയ ടൂർണമെൻ്റ് കൂടിയാണിത്. സിംബാബ്‌വെക്കെതിരെ താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ 10 റൺസുമായി മടങ്ങി. ആറ് മത്സരങ്ങളിൽ നിന്ന് 80 റൺസാണ് താരം ഇതുവരെ നേടിയത്. അഭിഷേകിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന താരമായിട്ട് പോലും ഇഷാൻ കിഷൻ വലിയ സ്കോറിലേക്ക് എത്താത്തതാണ് ടോപ്പ് ഓർഡറിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. താരം ഭേദപ്പെട്ട സ്കോർ നേടുന്നുണ്ടെങ്കിലും ഇഷാനിൽ നിന്ന് ടീം ആഗ്രഹിക്കുന്നത് അത്തരമൊരു ഇന്നിങ്സ് അല്ല. എന്നാൽ ഏഴ് മത്സരങ്ങളിൽ നിന്ന് 224 റൺസ് ഇഷാൻ നേടിയിട്ടുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതീക്ഷ കാക്കുന്നുണ്ടെന്ന് പറയാമെങ്കിലും പലപ്പോഴും വലിയ ഇന്നിങ്സ് താരത്തിൽ നിന്ന് ഉണ്ടാകുന്നില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 231 റൺസ് ക്യാപ്റ്റൻ നേടിയിട്ടുണ്ട്. തിലക് വർമ അവസരത്തിനൊത്ത് ഉയർന്ന് മധ്യനിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 178 റൺസ് താരം സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഏഴ് മത്സരങ്ങളിൽ നിന്ന് 172 റൺസും ശിവം ദുബെ അത്രയും മത്സരങ്ങളിൽ നിന്ന് 166 റൺസും നേടി.സഞ്ജുവിലേക്ക് വന്നാൽ വെറും മൂന്ന് മത്സരം കളിച്ച സഞ്ജു 143 റൺസ് സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 97 റൺസാണ് സഞ്ജുവിന് നേട്ടമായത്. ഇംഗ്ലണ്ടിനെതിരെ സഞ്ജു ഓപ്പൺ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. സഞ്ജു ഓപ്പണിങ്ങിലേക്ക് എത്തിയതോടെ ഇടത് ബാറ്റർമാരെ കുത്തിനിറച്ച ടോപ്പ് ഓർഡർ എന്ന പഴി അവസാനിച്ചു. സഞ്ജുവിൽ നിന്ന് തുടർന്നും മികച്ച ഇന്നിങ്സ് ഗംഭീറും സൂര്യയയും പ്രതീക്ഷിക്കുന്നുണ്ട്. ബോളിങ് നിരയിലേക്ക് നോക്കിയാൽ ജസ്പ്രിത് ബുമ്ര പ്രതീക്ഷ കാക്കുന്നുണ്ട്. വിൻഡീസിനെതിരെ നാല് ഓവറിൽ 36 റൺസ് വഴങ്ങി രണ്ട് നിർണായക വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. അർഷ്ദീപ് സിങ് പലപ്പോഴും പ്രതീക്ഷ കാക്കുന്നില്ല. വിൻഡീസിനെതിരായ മത്സരത്തിൽ നാല് ഓവിൽ വിട്ടുകൊടുത്തത് 43 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റ് നേടനായില്ല. സിംബാബ്വെക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്താൻ സാധിച്ച അർഷ്ദീപ് സെമിയിൽ പഴയ പ്രതാപത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ഹാർദിക് പാണ്ഡ്യയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമാണ് ലഭിക്കുന്നതെങ്കിൽ തന്റെ കഴിവിനൊത്തുള്ള പ്രകടനം നടത്താൻ വരുൺ ചക്രവർത്തിക്ക് സാധിക്കുന്നില്ല. വിൻഡീസിനെതിരെ ഒരു വിക്കറ്റാണ് താരത്തിന് നേടാനായത്. അക്‌സർ പട്ടേൽ വിൻഡീസിനെതിരെ നാല് ഒവറിൽ 35 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനുമായില്ല.ബാറ്റിങ്ങിനൊപ്പം ബോളിങ് ഡിപ്പാർട്ടുമെൻ്റും സ്ട്രോങ് ആയാൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെ ആശങ്കപ്പെടേണ്ടതില്ല. ടി20 ലോകകപ്പിന്റെ ചരിത്രം നോക്കുമ്പോൾ ഇന്ത്യക്ക് മുൻതൂക്കം അവകാശപ്പെടാം. അഞ്ച് തവണയാണ് ഇരു ടീമും ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയത്. ഇതിൽ മൂന്ന് തവണ ഇന്ത്യ ജയിച്ചപ്പോൾ രണ്ട് തവണയാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.