വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ശല്യക്കാരനായ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായി. ശല്യക്കാരനായ കാട്ടാനയെ കൃത്യമായി തിരിച്ചറിഞ്ഞ് എംഒഇഎഫ് ആന്റ് സിസി നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് ഉള്‍ക്കാട്ടിലേയ്ക്ക് തുരത്താനും,വിജയിക്കാത്തപക്ഷം  മയക്കുവെടിവെച്ച് പിടികൂടാന്‍ പാടുള്ളുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സി.സി.എഫിന്റെ ഉത്തരവ് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചത്. കാട്ടാനയെ മയക്കുവെടിവെയ്ക്കുന്നതിന് മുമ്പ് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ആനയുടെ ദൈനം ദിന നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമെ മയക്ക് വെടിവെച്ച് പിടികൂടുന്ന നീക്കത്തിലേയ്ക്ക് കടക്കാവുയെന്നും ആവശ്യമായ മൃഗപരിചരണം നല്‍കി കാട്ടാനയ്ക്ക് അധിക സമ്മര്‍ദ്ദം നല്‍കാതെവേണം ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്നുമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ.പ്രമോദ് ജി.കൃഷ്ണന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ്  കാട്ടാന ആക്രമണത്തില്‍ വടക്കനാട് പച്ചാടി രജീവ് കൊല്ലപ്പെട്ട സംഭവത്തിലാണ് മേഖലയിലെ ശല്യക്കാരനായ കാട്ടാനയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.