ഇറാന്‍-ഇസ്രായേല്‍ സംഘർഷത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ വികാരം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുദ്ധത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

വയനാട് കല്പറ്റയിലെ മാതൃക ടൗൺഷിപ്പിൽ ആദ്യഘട്ട വീടുകൾ പൂർത്തീകരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ലോകത്തിന്റെ ഉത്കണ്ഠയ്ക്കും ഗൾഫിലുള്ള ലക്ഷക്കണക്കിന് മലയാളികളുടെ അരക്ഷിതാവസ്ഥയ്ക്കും കാരണമായത് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഭ്രാന്തമായ നടപടികളാണ്. 
മനുഷ്യര്‍ തമ്മില്‍ പാലിക്കുന്ന മര്യാദ പോലെ തന്നെ രാജ്യങ്ങള്‍ തമ്മിലും മര്യാദ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അഭിപ്രായം തന്നെയാവണം മറ്റൊരു രാജ്യത്തിനെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

നമ്മുടെ നാട്ടിലെ സാധാരണ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി  രാഷ്ട്രങ്ങളും സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അത്തരം തെമ്മാടി രാഷ്ട്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്.  അവരുടെ കൈവശം സമ്പത്ത്, ആയുധം എന്നിവയുണ്ട്. 

എന്ത് സാഹചര്യം അടിസ്ഥാനമാക്കിയാണ് ഇറാന് നേരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 
ലോകത്തിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വസ്തുതയും ഉണ്ടായിട്ടില്ല. വിരോധമുള്ള രാഷ്ട്രങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലയാണ് ഇറാന്റെ പരമാധികാരിയായ ആയത്തുള്ള ഖമനേയിയേയും അദ്ദേഹത്തിന്റെ മകളെയും കൊച്ചുമകളെയും മകളുടെ ഭര്‍ത്താവിനെയും ക്രൂരമായി കൊല്ലുന്ന നിലയിലേക്ക് എത്തിച്ചത്. ഇത് എത്ര വലിയ അതിക്രമമാണ്?  നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം കുടുംബങ്ങളും ഉത്കണ്ഠയിലും വേവലാതിയിലുമാണ്. ലക്ഷക്കണക്കിന് മലയാളികൾ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെയെല്ലാം പ്രശ്‌നങ്ങള്‍ അതി രൂക്ഷമാവുകയാണ്. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കേണ്ടതുണ്ട്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.