വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബനാന പ്രൊഡ്യൂസര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലയിലെ നൂറോളം കര്‍ഷകര്‍ സമരത്തില്‍ അണിനിരന്നു.
നേന്ത്രവാഴയ്ക്ക് വിലകുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ വാഴ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലക്ക് കുലകള്‍ എത്തുന്നതാണ് വിപണിയെ തകിടം മറിച്ചത്. കിലോക്ക് 24 മുതല്‍ 25 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആ വിലക്ക് പോലും കായ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നിലവില്‍ 10 രൂപയാണ് വില. ഉല്‍പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ വന്‍ തുക മുടക്കി കൃഷിയിറക്കിയവര്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.
ഒരുനേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാന്‍ ശരാശരി 200 രൂപയോളം ചെലവ് വരും. ഇതില്‍നിന്ന് ഏകദേശം ഒമ്പത് കിലോയോളം തൂക്കം വരുന്ന കുല ലഭിച്ചാല്‍ പോലും വിറ്റഴിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. പലരും സംഘകൃഷിയായി ബാങ്കുകളില്‍നിന്ന് വായ്പ എടുത്തും പലിശക്ക് പണം വാങ്ങിയും സ്വര്‍ണം പണയം വെച്ചും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷി നടത്തുന്നത്. വിലയിടിവും ഇതര ജില്ലകളില്‍നിന്നുള്ള ഇറക്കുമതിയും കാരണം പാകമായ കുലകള്‍ വെട്ടാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധസമരത്തിലേക്ക് ഇറങ്ങിയത്.വാഴക്കുലയുടെ വില തകര്‍ച്ചയില്‍ നിന്നും വയനാട്ടുകാരെ രക്ഷിക്കുക, നേന്ത്രവാഴയ്ക്ക് താങ്ങുവില ഉയര്‍ത്തുക, പ്രകൃതിക്ഷോഭത്തില്‍ നശിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് ബേബി തോമസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ എബ്രഹാം അധ്യക്ഷനായി. റിയാസ് പാലക്കാമൂല,ഷാജു വാളാട് , റഷീദ് വാഴയില്‍, ഷാജി പള്ളിക്കുന്ന്, സുനില്‍ കെ ജി , ജെയിംസ് മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. 2021നു ശേഷം പ്രകൃതിക്ഷോഭത്തില്‍ വാഴകൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കൃഷി വകുപ്പും സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് വാഴക്കര്‍ഷകരുടെ ആവശ്യം.
Comments (0)
No comments yet. Be the first to comment!